Kerala
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീടിന് സമീപത്തെ പറമ്പിൽ കളിക്കുന്നതിനിടെ വിദ്യാർഥിയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം. വാണിമേല്‍ വയല്പീടികയില് താമസിക്കുന്ന പറമ്പത്ത് ഗഫൂറിന്റെ മകന് ജസ്ലന്‍(10) നേരെയാണ് ആക്രമണമുണ്ടായത്.
കാട്ടുപന്നിയുടെ ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റു. ഇതേ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പില്‍ സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കവേയാണ് ജസ്ലന്‍ നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
District News
പനമരം: പഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട നടവയൽ ആലുങ്കൽത്താഴെയിൽ കൃഷിയിടത്തിൽ കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ഷൂട്ടർ പോൾസണ്‍ വർഗീസാണ് നിറയൊഴിച്ച് കാട്ടുപന്നിയുടെ കഥകഴിച്ചത്.
ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവിടാൻ ഓണററി വൈൽഡ് ലൈഫ് വാർഡൻ എന്ന നിലയിൽ തദ്ദേശ സ്ഥാപന അധ്യക്ഷർക്ക് അധികാരമുണ്ട്. ഇതനുസരിച്ച് പഞ്ചായത്തിൽ ആദ്യമായാണ് കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്നത്. നാട്ടിൽ ഇറങ്ങി മനുഷ്യരുടെ ജീവന് ഭീഷണി ഉയർത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ മാനദണ്ഡങ്ങൾ പാലിച്ച് കൊല്ലുന്നതിന് പഞ്ചായത്തിൽ 11 ഷൂട്ടർമാർക്ക് അനുമതി നൽകിയിട്ടുണ്ട്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. എങ്കിലും പന്നികളെ വെടിവച്ച് കൊല്ലുന്നതിന് നടപടി സ്വീകരിച്ചിരുന്നില്ല. ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലുന്നത് പഞ്ചായത്തിൽ തുടരും. കാട്ടുപന്നിശല്യം നേരിടുന്ന കൃഷിക്കാർ പഞ്ചായത്തുമായി ബന്ധപ്പെടണം.
Kerala
കൊല്ലം: പുനലൂരിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മയ്ക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. ഇടമൺ-34 ഉദയഗിരി പുളിമൂട്ടിൽ വീട്ടിൽ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. പുനലൂർ-ഇടമൺ പാതയിൽ പാപ്പന്നൂരിന് സമീപത്തു വച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ കുറുകെ പന്നി ചാടിയത്. മകനെ പുനലൂരിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെവരികയായിരുന്നു. അപകടത്തിൽ ഇരുവരും ദൂരേക്ക് തെറിച്ചുവീണു.
അലർച്ച കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും മുഖത്തിനും കൈകാലുകൾക്കുമാണ് പരിക്ക്.
District News
നാദാപുരം: പുറമേരി പഞ്ചായത്തിലെ അരൂർ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം. അരൂർ കല്ലും പുറം രാജീവ് നഗർ പ്രദേശത്ത് എത്തിയ കാട്ടുപന്നികൂട്ടം വ്യാപക കൃഷി നാശമാണ് വരുത്തിയത്.
വാഴ, കമുങ്ങിൻ തൈ, പൈനാപ്പിൾ ചെടികൾ, തെങ്ങിൻ തൈകൾ എന്നിവ നശിപ്പിച്ചു. നേരത്തെയും ഇവിടങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പാറോള്ളതിൽ അബ്ദുല്ല, അമ്മത്, വാതുക്കൽ പറമ്പത്ത് ബിയ്യാത്തു ഉൾപ്പെടെ പലരുടെയും വിവിധ കൃഷികളാണ് പന്നിക്കൂട്ടം തിങ്കളാഴ്ച പുലർച്ചെ നശിപ്പിച്ചത്. കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്.
ഉപദ്രവകാരികളായ പന്നികളെ വെടി വച്ച് കൊല്ലൻ അനുമതിയുണ്ടെങ്കിലും തെരഞ്ഞടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അംഗീകൃത ഷൂട്ടർ മാരുടെ തോക്കുകൾ പോലീസ് സ്റ്റേഷനിലാണുള്ളത്. ഇത്തവണ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തോക്കുകൾ പോലീസ് ഉത്തരവിൽ സ്റ്റേഷനുകളിൽ നൽകേണ്ടി വന്നത് കർഷകർക്ക് വൻ തിരിച്ചടിയാണ് വരുത്തിയത്.
പകൽ സമയങ്ങളിൽ പോലും പന്നിക്കൂട്ടം പുറത്തിറങ്ങുന്നത് പതിവായതോടെ കുട്ടികളെ സ്കൂളുകളിൽ അയക്കാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുകയാണ്.
Kerala
കോന്നി: അട്ടച്ചാക്കല്‍ - കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ, ചിറത്തിട്ട, ശ്രീപാര്‍വതി അമ്മന്‍കോവിലിനു സമീപം കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഇലക്ട്രിക് കാര്‍ റോഡരികിലെ കലുങ്കില്‍ ഇടിച്ചു തീപിടിച്ചു. കാറില്‍ ഉണ്ടായിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 1:45നാണ് സംഭവം.
എറണാകുളത്തെ ജോലി സ്ഥലത്തുനിന്നും തേക്കുതോട്ടിലേക്ക് വരികയായിരുന്ന തേക്കുതോട് കുന്നംപള്ളില്‍, ജിബിന്‍ കെ. ജെയിംസാണ് കാര്‍ ഓടിച്ചിരുന്നത്. കാട്ടുപന്നി കുറുകെച്ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ കലുങ്ക് തകര്‍ത്ത് ഇടിച്ചുനില്‍ക്കുകയായിരുന്നു. കാറില്‍ ജിബിന്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ജിബിന്‍ പുറത്തിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ കാറില്‍നിന്ന് പുകയും തീയും ഉണ്ടാകുകയും കാര്‍ പൂര്‍ണമായും കത്തി നശിക്കുകയുമായിരുന്നു. മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് റോഡിലൂടെ വന്നവര്‍ കാര്‍ കത്തുന്നതു കണ്ട് ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. പത്തനംതിട്ടയില്‍നിന്നും കോന്നിയില്‍നിന്നും ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. അപകടത്തിനു മുന്‍പ് മഴ പെയ്തിരുന്നതിനാല്‍ സമീപത്തെ റബര്‍ തോട്ടത്തിലേക്ക് തീ പടര്‍ന്നു പിടിച്ചില്ല.
പത്തനംതിട്ട ജില്ലയില്‍ സമീപദിവസങ്ങളില്‍ കാട്ടുപന്നിയുടെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. കാര്‍ അപകടമുണ്ടായ ഇതേ റോഡില്‍ കഴിഞ്ഞയാഴ്്ച ദമ്പതികളും മകളും സഞ്ചരിച്ച സ്കൂട്ടറില്‍ കാട്ടുപന്നി ഇടിച്ച് അപകടത്തില്‍പെട്ടിരുന്നു. യാത്രക്കാരായ മൂവര്‍ക്കും ഗുരുതര പരിക്കേല്‍ക്കുകയുണ്ടായി.
Kerala
തിരുവനന്തപുരം: ഒടുവിൽ സംസ്ഥാന തലസ്ഥാനത്തേക്കും കാട്ടുപന്നി എത്തിയിരിക്കുന്നു. ഇന്നു രാവിലെ തിരുവനന്തപുരം നഗരത്തിൽ കഴക്കൂട്ടത്ത് ആക്കുളം ബൈപ്പാസിലാണ് വാഹനം തട്ടിയ നിലയിൽ കാട്ടുപന്നിയെ കണ്ടെത്തിയത്.
തലസ്ഥാനത്തേക്കും കാട്ടുപന്നി എത്തിയെന്ന വാർത്ത നഗരവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പരിക്കേറ്റ കാട്ടുപന്നിയെ രക്ഷിക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികൾ രംഗത്തുവന്നിട്ടുണ്ട്.
അതേസമയം, കാട്ടുപന്നികൾ നഗരത്തിലേക്ക് ഇറങ്ങിയാൽ അതു മനുഷ്യരുടെ ജീവനു ഭീഷണിയാണെന്നും അതു തടയാൻ നടപടിവേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വനമില്ലാത്ത ആലപ്പുഴയിൽ കാട്ടുപോത്തിനെ കണ്ടതു ഏതാനും ആഴ്ചകൾക്കു മുമ്പാണ്.
വന്യമൃഗശല്യം വനത്തോടു ചേർന്നുള്ള പ്രദേശങ്ങളും മലയോരങ്ങളും വിട്ട് ടൗണുകളിലേക്കും നഗരങ്ങളിലേക്കും എത്തുകയാണ്. ഇതോടെയെങ്കിലും അധികാരികൾ ഉണർന്നു നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് വന്യമൃഗ ശല്യത്താൽ വലയുന്ന കർഷകരും മലയോരവാസികളും.
Kerala
പുൽപ്പള്ളി: സ്കൂട്ടർ യാത്രക്കാരന് മുന്നിലേക്ക് കാട്ടുപന്നി കൂറുകേ ചാടിയതിനെതുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്.
ചീയന്പം പരത്തുവയൽ പൗലോസ് (50) നാണ് പരിക്കേറ്റത്. കാട്ടുപന്നി ബൈക്കിന് മുന്നിലേക്ക് ചാടിയപ്പോൾ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചതിനെത്തുടർന്ന് നിയന്ത്രണം നഷ്ടമായി സ്കൂട്ടർ മറിയുകയായിരുന്നു.
ഞായറാഴ്ച രാത്രി എട്ടോടെ ചീയന്പം ചെറിയകുരിശ് അന്‍പത്താറ് റോഡിലായിരുന്നു അപകടം. നാട്ടുകാരാണ് പൗലോസിനെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കും കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ പൗലോസ് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ സ്കൂട്ടർ ഭാഗികമായി തകർന്നു. ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞയാഴ്ച കബനിഗിരിയിൽ ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് കാട്ടുപന്നി ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.
Kerala
നീലേശ്വരം: വായനശാലയുടെ നേതൃത്വത്തില്‍ നടക്കുകയായിരുന്ന വിജ്ഞാനസദസിനിടെ ഓര്‍ക്കാപ്പുറത്തുണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വായനശാല സെക്രട്ടറി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം.
ചായ്യോത്ത് സ്കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന എംജി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയുടെ സമാപനത്തിനിടെയാണു കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. വായനശാല സെക്രട്ടറി പി. ബാബുരാജന്, വായനശാല അംഗങ്ങളായ അപ്പു, വി. അജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബാബുരാജൻ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടു പേർ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും ചികിത്സയിലാണ്.
Kerala
നിലമ്പൂര്‍: നിലമ്പൂരില്‍ കാട്ടുപന്നി വേട്ട. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 33 കാട്ടുപന്നികളെയാണ് നാലുദിവസങ്ങളിലായി വെടിവച്ച് കൊന്നത്. കാട്ടുപന്നികള്‍ വന്‍തോതില്‍ കൃഷി നശിപ്പിക്കുന്നുവെന്ന കര്‍ഷകരുടെ പരാതിയിലാണ് നടപടി.
നഗരസഭ ഹെല്‍ത്ത് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് വനം വകുപ്പിന്റെ അനുമതിയുള്ള ഷൂട്ടറിന്റെ സഹായത്തോടെ മുതീരി, തെക്കുംപാടം, മാങ്കുത്ത്, ഇയ്യംമട, മുതുകാട്, പാത്തിപാറ, ചാരംകുളം തുടങ്ങി നഗരസഭയുടെ വിവിധഭാഗങ്ങളില്‍ നിന്ന് നാല് ദിവസത്തിനുള്ളില്‍ 33 കാട്ടുപന്നികളെ വെടിവച്ച് കൊന്നത്.
പന്നികളുടെ ജഡം നടപടിക്രമങ്ങള്‍ പാലിച്ച് വനംവകുപ്പിന്റെ അനുമതിയോടെ പനയങ്ങോട് വനത്തില്‍ സംസ്കരിച്ചു. സ്ക്വാഡിന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മന്‍സൂര്‍ കാരാട്ടുചാലി നേതൃത്വം നല്കി.
സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സലീം, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. വിനോദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡി.വി. ബിന്ദു, ഷൂട്ടര്‍ അഹമ്മദ് നിസാര്‍ എന്നിവരാണ് സ്ക്വാഡിലുണ്ടായിരുന്നത്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൃഷിനാശം വരുത്തുന്ന ശല്യക്കാരായ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്ന പ്രവൃത്തി തുടരുന്നതാണെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പദ്മിനി ഗോപിനാഥ്, സെക്രട്ടറി ഫിറോസ്ഖാന് എന്നിവര്‍ അറിയിച്ചു.
Kerala
പാലക്കാട്: വല്ലാത്ത തൊന്തരവായി മാറിയിട്ടുണ്ട് പന്നിക്കൂട്ടങ്ങൾ. പാടത്തും പറന്പിലും റോഡിലുമെല്ലാം ഇവ ചീറിപ്പായുന്പോൾ ശ്വാസമടക്കിനിൽക്കാനേ തരമുള്ളൂ. ശ്രദ്ധ തെല്ലൊന്നുപാളിയാൽ ആശുപത്രിക്കിടക്കയിലായിരിക്കും നമ്മൾ. പന്നികളെ തുരത്താൻ വഴികളേറെ പരീക്ഷിച്ച കർഷകരും പൊതുജനങ്ങളും വല്ലാത്ത പൊല്ലാപ്പാണു നേരിടുന്നത്.
ഇനി പുതിയ പരീക്ഷണമാണ്. പാലക്കാട് ജില്ലയുടെ കിഴക്കൻമേഖലയിൽ വൈറലാകുന്നൊരു പരീക്ഷണം. മൂക്കത്തു വിരൽവച്ചുപോകുന്ന പരീക്ഷണം. ചെറിയൊരു ട്വിസ്റ്റുണ്ട്- മൂക്കത്ത് വിരൽവച്ചാൽമാത്രം പോരാ. മൂക്ക് അമർത്തിപ്പിടിച്ചാലേ രക്ഷയുള്ളൂ.
തമിഴ്നാട്ടിലെ കർഷകർ പരീക്ഷിച്ച മുട്ടകൊണ്ടുള്ള കൂടോത്രമാണിത്. അതാണു പാലക്കാട്ടും ചെയ്തുതുടങ്ങിയിട്ടുള്ളത്. മൂന്നു മുട്ടയെടുത്ത് ഒരുപാത്രത്തിൽ നല്ലതുപോലെ അടിച്ചുടയ്ക്കുക- ഓംലറ്റുണ്ടാക്കാൻ ചെയ്യുന്നപോലെ. പിന്നീട് മറ്റൊരു പാത്രത്തിൽ പത്തുലിറ്റർ വെള്ളമെടുക്കുക. വെള്ളത്തിൽ മുട്ടമിശ്രിതം കലക്കിയശേഷം ഏഴുനാൾ മാറ്റിവയ്ക്കുക. മാറ്റിവച്ചില്ലെങ്കിൽ കുടുംബക്കാർ തന്നെ പ്രശ്നമുണ്ടാക്കിയേക്കാം!
എട്ടാംനാൾ പന്നിശല്യമുള്ള ഇടങ്ങളിൽ തളിക്കുക. ചിരട്ടയിലാക്കി പലയിടത്തും വയ്ക്കാം. പിന്നീട് പന്നികളുടെ പൊടിപോലും കാണില്ലെന്ന് ഈ വിദ്യ ഉപയോഗിച്ചവർ പറയുന്നു. അത്രയേറെ ദുർഗന്ധപൂരിതമായിരിക്കും പ്രദേശം. പന്നികളാകട്ടെ കടന്നുവന്ന വഴിപോലും മറന്നുപോകും.
പലയിടത്തും ഈ മുട്ടവിദ്യ വിജയകരമെന്നു കർഷകർ പറയുന്നു. ഇനി ഷൂട്ടർമാരെ കാത്തിരിക്കേണ്ട, മുട്ടവിദ്യ പരീക്ഷിച്ചുനോക്കാം. പരീക്ഷണങ്ങളിൽ വിശ്വാസമില്ലാത്ത അധികാരികളിൽ ചിലർ കളിയാക്കിക്കൊണ്ട് മൂക്കത്തു വിരൽവയ്ക്കുന്പോൾ കർഷകർ പറയുന്നു- സ്വന്തം മൂക്കുപൊത്താൻ അധികാരികളുടെ അനുവാദം വേണ്ടല്ലോ...
Kerala
കണ്ണൂർ: കതിരൂർ മൂന്നാംമൈലിൽ കാട്ടുപന്നി കുറുകെ ചാടിയതിന് പിന്നാലെ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.
മത്സ്യക്കച്ചവടക്കാരനായ കൂത്തുപറമ്പ് നരവൂർ സ്വദേശി എൻ. പ്രദീപനാണ് മരിച്ചത്. തലശേരിയിൽ നിന്നും ഓട്ടോയിൽ വിൽപ്പനക്കുള്ള മത്സ്യവുമെടുത്ത് പോകുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിന് പിന്നാലെ പ്രദീപനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദീപന്റെ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.
District News
പാലാ: കടനാടിനു സമീപം കാവുംകണ്ടത്ത് റോഡിലൂടെ പട്ടാപ്പകല്‍ കാട്ടുപന്നി പാഞ്ഞതു നാട്ടുകാരില്‍ ഭീതി പടര്‍ത്തി. കഴിഞ്ഞ ദിവസം എലിവാലിയില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കാട്ടുപന്നി കൂട്ടത്തോടെ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാവുംകണ്ടത്ത് കാട്ടുപന്നിയെ കണ്ടതെന്നു നാട്ടുകാര്‍ പറയുന്നു.
കാവുംകണ്ടം, നീലൂര്‍, അഴികണ്ണി, മറ്റത്തിപ്പാറ, എലിവാലി, ആലമറ്റം തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടുമൃഗങ്ങള്‍ വിഹരിക്കുന്നത്. രാത്രിയില്‍ റോഡില്‍ ഇവയുടെ സാന്നിധ്യം ഏറെയുണ്ടെന്നും പറയുന്നു. കാട്ടുപന്നി, കുറുക്കന്, നരി, കാട്ടുപൂച്ച, മുള്ളന്‍പന്നി, പെരുമ്പാമ്പ്, കുരങ്ങന് എന്നിവയുടെ സാന്നിധ്യം പ്രദേശത്ത് സാധാരണയായി.
പുലര്‍ച്ചെ റബര്‍ ടാപ്പിംഗിന് ഇറങ്ങുന്ന തൊഴിലാളികൾ കാട്ടുമൃഗങ്ങളെ കാണുന്നത് പതിവായി. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം കര്‍ഷകര്‍ക്കു നല്‍കിയിരിക്കുന്ന തോക്കു ലൈസന്‍സുകള്‍ യഥാസമയം പുതുക്കി നല്‍കിയിട്ടില്ലെന്നും പ്രശ്നത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും നാട്ടുകാര്‍ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് എല്ലാ വനം ഡിവിഷനുകൾക്കു കീഴിലുമുള്ള പഞ്ചായത്തുകളിൽ കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകി.
ഇതോടൊപ്പം, കാട്ടുപന്നികളെ കൊല്ലുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെലവാക്കുന്ന തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്നു തിരിച്ചു നൽകുന്നതാണെന്നു കഴിഞ്ഞ വർഷം ഉത്തരവായ വിവരം എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും അറിയിക്കുന്നതിനും നിർദേശം നൽകി.
ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശിച്ചു. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളിൽ പല പഞ്ചായത്തുകളിലും കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയത്.
Kerala
കോഴിക്കോട്: താമരശേരി പട്ടണത്തില്‍ പട്ടാപ്പകല്‍ ബേക്കറിയിലേക്കു കാട്ടുപന്നി ഓടിക്കയറി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ദേശീയ പാതയോരത്ത് താമരശേരി പോസ്റ്റ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ജനതാ ബേക്കറിയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.
കടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ പരിഭ്രാന്തരായി ഓടി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പുറക്കളത്ത് ജനവാസ മേഖലയിൽ വിരണ്ടോടിയ കാട്ടുപോത്ത് ബൈക്ക് ഷോറൂമിൽ പാഞ്ഞുകയറി നാശനഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു. അവധി ദിനം മൂലം അടഞ്ഞു കിടന്ന ഹീറോ ഹോണ്ട ബൈക്ക് ഷോറൂമിലേക്കാണ് കാട്ടുപോത്ത് ഗ്ലാസ് തകർത്തു കയറിയത്.
ആക്രമണത്തിൽ ഷോറൂമിന് മുന്നിലെ വലിയ ഗ്ലാസ് പൂർണമായും തകർന്നു. ഷോറൂമിനകത്തെ ഫർണിച്ചറുകളും തകർത്തു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിയെത്തി ബഹളം വച്ചതോടെയാണ് കാട്ടുപോത്ത് അവിടെനിന്ന് ഓടിപ്പോയത്.
Kerala
പാലക്കാട്: വല്ലപ്പുഴ ചെറുകോട് കാട്ടുപന്നി ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. പടിഞ്ഞാറ്റുമുറി സ്വദേശി പാറുക്കുട്ടി അമ്മയ്ക്ക് (76) നേരെയാണ് ആക്രമണം ഉണ്ടായത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം. ക്ഷേത്രദർശനം കഴിഞ്ഞ് റോഡിലൂടെ നടന്നു പ്രദേശത്തെ തോടിനോട് ചേർന്നുള്ള പാലത്തിനടുത്ത് എത്തിയപ്പോൾ ദൂരെ നിന്നും ഓടിവന്ന കാട്ടുപന്നി പാറുക്കുട്ടി അമ്മയെ ആക്രമിക്കുകയായിരുന്നു.
കാട്ടുപന്നിയുടെ ഇടികൊണ്ട പാറുക്കുട്ടിയമ്മ സമീപത്തെ 10 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് വീണു. ഇവരുടെ നിലവിളി കേട്ട് ആളുകൾ ഓടി കൂടുകയും പാറുക്കുട്ടിയമ്മയെ വീട്ടിൽ എത്തിക്കുകയും ചെയ്തു.
എന്നാൽ ശാരീരിക വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെയും മലമ്പാമ്പിന്റെയും ഒക്കെ ശല്യം രൂക്ഷമാണെന്നും പരാതികൾ പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഇല്ലെന്നും പാറുക്കുട്ടിയമ്മയുടെ മകൻ വിജയൻ പറഞ്ഞു.
District News
കൊയിലാണ്ടി: പെരുവട്ടൂരിൽ നിർമാണത്തിൽ ഇരിക്കുന്ന കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. ഐഎൻഎ റോഡിൽ മഠത്തിൽ കരുണന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറ്റിലാണ് പന്നി വീണത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
പേരാമ്പ്രയിൽ നിന്ന് ഫോറസ്റ്റ് സംഘവും തോക്ക് ഉപയോഗിക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച സംഘവും സ്ഥലത്തെത്തി. തുടർന്ന് കാട്ടുപന്നിയെ വെടിവച്ച് കൊന്നശേഷം കരയ്ക്ക് എത്തിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രനും നഗരസാഭ അധികൃതരും സ്ഥലത്ത് എത്തിയിരുന്നു.
District News
പനത്തടി: റാണിപുരം റോഡിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു. കെ.എം. മനു (28), കെ. തരൺകുമാർ (24) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ബളാംതോട് ക്ഷേത്രോത്സവത്തിൽ പങ്കെടുത്തതിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ പെരുതടിക്കു സമീപം നെല്ലിത്തോട്ടിലായിരുന്നു സംഭവം. കാട്ടുപന്നി കുറുകെ ചാടിയതോടെ സ്കൂട്ടർ നിയന്ത്രണംവിടുകയും മഴ പെയ്ത് ചെളിവെള്ളം കെട്ടിനിന്ന ഭാഗത്തേക്ക് മറിയുകയുമായിരുന്നു.
മറ്റു വാഹനയാത്രക്കാരും നാട്ടുകാരും ചേർന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഇപ്പോൾ രാത്രികാല സേവനം ഇല്ലാത്തതിനാൽ പെട്ടെന്ന് വാഹനം വിളിച്ച് ഇരുവരെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
District News
തിടനാട്: വനാതിര്‍ത്തിയില്‍നിന്നു കിലോമീറ്ററുകള്‍ അകലെയാണെങ്കിലും കാട്ടുപന്നികളുടെ ശല്യം കാരണം വലയുകയാണ് തിടനാട് പഞ്ചായത്തിലെ കര്‍ഷകര്‍. പ്രദേശത്തെ റബർതൈകളും റബര്‍ മരങ്ങളും തേക്കിൻ തൈകളുമാണു കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്.
നിരവധി കര്‍ഷകരുടെ ആയിരത്തിലധികം റബര്മരങ്ങളാണു കാട്ടുപന്നികള്‍ നശിപ്പിച്ചത്. ചുവട്ടില്‍നിന്ന് രണ്ട് അടി മുകളില്‍വരെ റബർമരത്തിന്റെ തൊലി കുത്തിനശിപ്പിച്ച നിലയിലാണ്. കപ്പ, വാഴ, ചേന, ചേമ്പ് എന്നിവയും കൂട്ടമായെത്തുന്ന പന്നികള്‍ നശിപ്പിക്കുന്നു. കൊക്കരണി, കരിമ്പനോലി, വാരിയാനിക്കാട്, മാടമല തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമല്ല, ഹൈവേയുടെ അടുത്തുള്ള കൃഷികള്‍ പോലും പന്നികള്‍ നശിപ്പിക്കുകയാണ്.
കഴിഞ്ഞദിവസം ബിനോയി വെള്ളുക്കുന്നേലിന്റെ മൂന്ന് വര്‍ഷം പ്രായമായ 250 റബര്‍ തൈകളും നൂറിലധികം തേക്കിൻ തൈകളും കാട്ടുപന്നികള്‍ നശിപ്പിച്ചു. ടാപ്പിംഗ് തുടങ്ങിയ റബറിന്റെ വെട്ടുപട്ടയും പന്നികള്‍ കുത്തിനശിപ്പിച്ചു. തൊലിപോയ റബര്‍മരങ്ങൾ ഉപയോഗ്യശൂന്യമാകുകയാണ്. ഇവിടെയുണ്ടായിരുന്ന തേക്കിൻതൈകളും കാട്ടുപന്നികൾ നശിപ്പിച്ചു.
പന്നികള്‍ നശിപ്പിച്ച മൂന്നു വര്‍ഷം പ്രായമായ തൈകള്‍ക്കു പകരം തൈകള്‍ വയ്ക്കുന്നത് പ്രായോഗികമല്ല. ഫലത്തില്‍ ഒരേക്കര്‍ തോട്ടം ഉപയോഗശൂന്യമായ അവസ്ഥയിലാണ്. നിലവില്‍ കൃഷിടയിടത്തിനു ചുറ്റും അടച്ചുറപ്പുള്ള വേലി നിര്‍മിച്ചിരിക്കുകയാണ്. ഇതിനുവന്ന ഭീമമായ തുകയും കൃഷിയിടത്തിലെ വരുമാനവും താരതമ്യം ചെയ്താല്‍ കൃഷി വലിയ നഷ്ടമാകും.
വേലി നിര്‍മിക്കണം
ചുറ്റം ശക്തമായ വേലി നിര്‍മിച്ചു കൃഷിഭൂമി സംരക്ഷിക്കേണ്ട അവസ്ഥയാണു കര്‍ഷകര്‍ക്കിപ്പോള്‍. ഇതിനു വലിയ ചെലവേറുമെന്നതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് താങ്ങാവുന്നതല്ല. കര്ഷികവിളകളുടെ വിലയിടിവുമൂലം ഇത്തരത്തിലുള്ള കൃഷിസംരക്ഷണം ലാഭകരമാകില്ലെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം, വന്യമൃഗങ്ങളാല്‍ കൃഷി നശിപ്പിക്കപ്പെടുന്നവര്‍ക്ക് വനംവകുപ്പില്‍നിന്നു നഷ്ടപരിഹാരം ലഭിച്ചുതുടങ്ങിയെന്നത് കര്‍ഷകര്‍ ആശ്വാസമേകുന്നുണ്ട്. തിടനാട് കര്‍ഷകവേദിയുടെ ഇടപെടലാണ് ഇതിനു പ്രധാന കാരണം.
അടിയന്തര ഇടപെടല്‍ വേണം
മനുഷ്യജീവനോ സ്വത്തിനോ ഗുരുതര ഭീഷണിയും നാശനഷ്ടവും വരുത്തുന്ന കാട്ടുപന്നി പോലുള്ള മൃഗങ്ങളെ ഉന്മൂലനം ചെയുന്നതിനു പഞ്ചായത്തുകള്‍ക്ക് 2025ല്‍ അനുമതി ലഭിച്ചിരുന്നു. തോക്ക് ലൈസന്‍സുള്ള ഒരു പാനല്‍ സര്‍ക്കാര്‍ നിബന്ധന പാലിച്ചു തയാറാക്കിയിരുന്നു. കലാവധി തീര്‍ന്നുവെങ്കിലും വീണ്ടും പുതുക്കി കൊടുത്തിട്ടില്ലെന്നു പറയപ്പെടുന്നു.
കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ടാപ്പിംഗ് തൊഴിലാളികള്‍ തോട്ടങ്ങളില്‍ പോകുന്നതിനുവരെ പേടിയ്ക്കണ്ട അവസ്ഥയാണ്. കാട്ടുപന്നിശല്യം മൂലം ഇരുട്ടുമ്പോള്‍ തന്നെ വീടുകളില്‍ കഴിയേണ്ട അവസ്ഥയാണ്. കാട്ടുപന്നികളുടെയും മുള്ളന്‍പന്നികളുടെയും ശല്യം ഇല്ലാതാക്കുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തോക്ക് ലൈസന്‍സുള്ള 12 പേരുടെ പാനല്‍ തയാറാക്കിയെങ്കിലും കൃഷിയിടം സുരക്ഷിതമാകുന്നില്ല.
നാശനഷ്ടം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളില്ലാതെ കൊല്ലാനുള്ള അനുവാദമാണു വേണ്ടതെന്ന നിലപാടിലാണു കര്‍ഷകര്‍. ഇക്കാര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
പരാതി നല്‍കാം
വന്യമൃഗങ്ങള്‍ മൂലം കൃഷികള്‍ നശിപ്പിച്ചതിന് ആറു മാസത്തിനുള്ളില്‍ പരാതി അക്ഷയ വഴി കൊടുക്കാം. ഇതിനായി നശിപ്പിച്ച കൃഷിയുടെ അടുത്ത് വസ്തു ഉടമ നിൽക്കുന്ന ഫോട്ടോ, സ്ഥലം കൃഷി ഓഫീസര്‍ തയാറാക്കിയ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, കരം അടച്ച രസീതിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് തുടങ്ങിയവ നല്‍കണം.
District News
മാനന്തവാടി: ചിറക്കരയിൽ കടുവയെ കണ്ടതിനെത്തുടർന്ന് വനം വകുപ്പ് തെരച്ചിൽ ഊർജിതമാക്കി. പ്രദേശത്ത് നാല് കാമറകൾ സ്ഥാപിച്ചു. റാപ്പിഡ് റെസ്പോണ്‍സ് ടീമും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരുമടങ്ങുന്ന 21 അംഗസംഘമാണ് തെരച്ചിൽ നടത്തുന്നത്.
ബുധനാഴ്ച രാത്രി 9.30 ഓടെയാണ് പ്രദേശവാസിയായ ഷഹലാസ് ജോലിക്കുശേഷം വീട്ടിലേക്ക് മടക്കുന്നതിനിടെ എണ്ണപ്പനത്തോട്ടത്തിൽ കടുവയെ കണ്ടത്.
ഇദ്ദേഹം മൊബൈലിൽ വീഡിയോ പകർത്തി സമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വനംവകുപ്പ് അധികൃതർ രാത്രിയിൽ പരിശോധന നടത്തിയിരുന്നു. ഇന്നലെ രാവിലെ മുതൽ റാപ്പിഡ് റെസ്പോണ്‍സ് ടീമും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘമാണ് തെരച്ചിൽ നടത്തുന്നത്. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുമുന്‍പും ചിറക്കരയുടെ വിവിധ ഭാഗങ്ങളിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
തോട്ടം തൊഴിലാളികളുൾപ്പെടെയുള്ളവർ താമസിക്കുന്ന മേഖലയാണിത്. ജനവാസമേഖലയിൽ നിന്നും ഏകദേശം 200 മീറ്റർ അകലെയാണ് ഇന്നലെ കടുവയെ കണ്ടത്. വനംവകുപ്പ് മൈക്ക് അനൗണ്‍സ്മെന്റിലൂടെ മുന്നറിയിപ്പ് നൽകി. കടുവാ സാന്നിധ്യത്തിൽ സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
വനം വകുപ്പിന്റെ ഭാഗത്തുനിന്നും കൃത്യമായി ഇടപെടലുകൾ ഉണ്ടാകുമെന്ന് തലപ്പുഴ ഡെപ്യൂട്ടി റേഞ്ചർ സുബൈർ പറഞ്ഞു. കടുവയെ ഉടൻ പിടികൂടി ഭീതിയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
അഞ്ചല്‍ : വനംവകുപ്പ് അഞ്ചല്‍ റേഞ്ചില്‍ ഉള്‍പ്പെടുന്ന വിവിധ ഇടങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടമായി ചത്തു വീഴുന്ന സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നും നാട്ടുകാര്‍ക്ക് ഭീതി വേണ്ടന്നും വനംവകുപ്പ്.
പന്നികള്‍ ചാകുന്ന സ്വാഭാവികം മാത്രമാണ്. കഴിഞ്ഞ ദിവസം ചത്ത പന്നികളില്‍ ഒന്നിനെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. അസ്വാഭാവികത ഒന്നും കണ്ടെത്താനായിട്ടില്ലെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ വനംവകുപ്പ് വാദം തള്ളുകയാണ് നാട്ടുകാര്‍. പലയിടങ്ങളിലായി നാലു പന്നികള്‍ ചത്ത് വീണിട്ടുണ്ട്. ഓയില്‍പാം, തോട്ടം മേഖല, ജനവാസ മേഖല ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇതു തുടരുന്നു.
പലയിടങ്ങളിലും പോസ്റ്റ്മോര്‍ട്ടം പോലും നടത്താതെയാണ് വനംവകുപ്പ് പന്നികളെ കുഴിച്ചു മൂടുന്നത്. കഴിഞ്ഞ ദിവസം മാര്‍ത്താണ്ഡങ്കര, വടക്കേ ചെറുകര ഭാഗങ്ങളില്‍ വീണ്ടും പന്നികള്‍ ചത്തു കിടക്കുന്നതു കണ്ടതോടെ നാട്ടുകാര്‍ മാധ്യമ പ്രവർത്തകരെ അറിയിച്ചിരുന്നു.
ഇതോടെയാണ് ഒരു പന്നിയെ മാത്രം കൊണ്ടുപോയി പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്തി മണിക്കൂറുകള്‍ക്കകം ആന്തരികാവയവങ്ങളുടെ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് വനംവകുപ്പ് പറയുന്നതില്‍ തന്നെ അസ്വാഭാവികത ഉണ്ടെന്നാണ് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത വനപാലകര്‍ക്കു പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് നാട്ടു കാര്‍.
District News
കൊയിലാണ്ടി: കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. അരിക്കുളം- നടുവത്തൂർ റോഡിലെ ആളില്ലാത്ത കുന്നുമ്മൽ പറമ്പിലെ കിണറ്റിലാണ് കഴിഞ്ഞ ഞായറാഴ്ച കാട്ടുപന്നി അകപ്പെട്ടത്.
കഴിഞ്ഞ ദിവസം വനം വകുപ്പ് വിഭാഗം വെടി വയ്ക്കാൻ എത്തിയെങ്കിലും കാട്ടുപന്നി കിണറ്റിലെ പൊത്തിലേക്ക് പോവുകയായിരുന്നു. തുടർന്ന് ഇന്നലെ സ്ഥലത്ത് എത്തിയ ഗൺമാൻ സുരേഷ് പേരാമ്പ്ര കാട്ടുപന്നിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
പന്നിയെ പുറത്തെത്തിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർ പെരുവണ്ണമൊഴി ഫോറസ്റ്റ് ഏരിയയിൽ കാട്ടുപന്നിയെ സംസ്കരിച്ചു.
Kerala
കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ബാലുശരി ഉണ്ണികുളം നെരോത്ത് കൊന്നക്കല്‍ ഭാഗത്ത് പണ്ടാരപ്പറമ്പില്‍ പി.പി മോഹനനാണ് (54) പരിക്കേറ്റത്.
മങ്ങാട് നെരോത്ത് തൊളോത്ത് ഭാഗത്ത് പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു മോഹനന്. പെട്ടെന്ന് പാഞ്ഞടുത്ത കാട്ടുപന്നി ഇദ്ദേഹത്തെ തേറ്റകൊണ്ട് ശരീരമാസകലം കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു.
District News
മാവേലിക്കര: തെക്കേക്കര പഞ്ചായത്തിൽ കുറത്തികാട് വാർഡിൽ കാട്ടുപന്നി ആക്രമണം. വാർഡിലെ കുന്നിൽ ഭാഗത്താണ് ആക്രമണം ഉണ്ടായത്. പഞ്ചായത്ത് ഓഫീസ് വാർഡിൽ താമസിച്ചുവരുന്ന പൊന്മാത്ത് ഉഷസിൽ എൻ.പി. ഗോപാലകൃഷ്ണൻ (61) ആണ് ആക്രമണത്തിനിരയായത്.
ഞായറാഴ്ച പുലർച്ചെ ആറരയ്ക്കാണ് സംഭവം. കുന്നിൽ ഭാഗത്ത് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്ത് സൈക്കിളിൽ പോയി മടങ്ങുംവഴി പാഞ്ഞെത്തിയ പന്നി സൈക്കിൾ ഇടിച്ച് തെറിപ്പിച്ച് ഓടിപ്പോവുകയായിരുന്നു. സൈക്കിൾ പൂർണമായി തകർന്നു. നിസാര പരിക്കേറ്റ ഗോപാലകൃഷ്ണൻ മരണത്തിൽനിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ്. കപ്പ ഉൾപ്പെടെയുള്ള കൃഷികൾ പന്നി നശിപ്പിച്ചതായി ഗോപാലകൃഷ്ണൻ പറഞ്ഞു.
കുന്നിൽ ഭാഗത്ത് കാട്ടുപന്നി സാന്നിധ്യം ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. മുമ്പും പലയിടത്തും കൃഷി നാശം ഉണ്ടായിട്ടുണ്ട്. തെക്കേക്കര പഞ്ചായത്തിന്റെ പലഭാഗങ്ങളിലും കാട്ടുപന്നി ശല്യമുണ്ടെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ആദ്യമായാണ്.
District News
കൂരാച്ചുണ്ട്: കാട്ടുപന്നി ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. കൂരാച്ചുണ്ട് പുളിവയൽ സ്വദേശികളായ തച്ചറോത്ത് ചാലിൽ സായി കൃഷ്ണ (25), സഹോദരൻ സഞ്ജു കൃഷ്ണ (11) എന്നിവർക്കാണ് പരിക്കേറ്റത്.
സായിയുടെ കൈയ്ക്ക് പരിക്കേൽക്കുകയും സഹോദരൻ സഞ്ചുവിന്റെ പല്ലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 7.45 ഓടെ ഇവർ വീട്ടിലേക്ക് വരുന്നതിനിടെയാണ് പുളിവയൽ മേഖലയിൽ വച്ച് കാട്ടുപന്നി റോഡിന് കുറുകെ ചാടി വാഹനത്തിൽ ഇടിച്ചത്.
Kerala
പാലക്കാട്: വടക്കഞ്ചേരിയിൽ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രക്കാരനും മകൾക്കും പരിക്ക്. കിഴക്കഞ്ചേരി കോട്ടേക്കുളം പുഴക്കൽ വീട്ടിൽ ഹക്കീമും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾ സഫ ഫാത്തിമയുമാണ് അപകടത്തിൽപെട്ടത്.
കാട്ടുപന്നി റോഡിന് കുറുകെ ചാടി സ്കൂട്ടറിൽ ഇടിച്ചതിന് പിന്നാലെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. രാത്രി എട്ട് മണിയോടെ വാൽക്കുളമ്പ് പാറച്ചാട്ടം-കൊട്ടടി റോഡിലാണ് അപകടം നടന്നത്.
ട്യൂഷന് പോയ സഫ ഫാത്തിമയുമായി തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഹക്കീമിന്റെ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ചത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു.
Kerala
തിരുവനന്തപുരം: കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലറ സ്വദേശി അഖിൽ രാജ് ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച രാത്രി 9:15 നാണ് അപകടം നടന്നത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണംസംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കോട്ടയം: എരുമേലി പമ്പാവാലിയിൽ വീട്ടുമുറ്റത്ത് നിന്ന വയോധികയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. അഴുതമുനി സ്വദേശിനിയായ അന്നമ്മ ജോസഫിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. പാൽ കുപ്പിയുമായി വീട്ടുമുറ്റത്തേയ്ക്ക് ഇറങ്ങിയ അന്നമ്മയെ ഓടിയെത്തിയ കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ അന്നമ്മയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
District News
സുൽത്താൻ ബത്തേരി: കാട്ടുപന്നി റോഡിനു കുറുകെ ചാടിയതിനെത്തുടർന്നു നിയന്ത്രണംവിട്ട് മറിഞ്ഞ ബൈക്കിലെ യാത്രക്കാരനു പരിക്ക്.
കല്ലൂർ കല്ലുമുക്ക് ഇരങ്ങപ്പാറ ടോമിക്കാണ്(59)പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കല്ലൂരിൽനിന്നു കല്ലുമുക്കിലേക്ക് വരികയായിരുന്നു ഹോട്ടൽ തൊഴിലാളിയായ ടോമി. കാലിനാണ് പരിക്ക്. താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
പന്തിരിക്കര: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. ചാലുപറമ്പില്‍ സൈനുദ്ദീന്റെ മകന് രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ മുഹമ്മദ് സിനാന് (19) ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പന്തിരിക്കര കെടി റോഡില്‍ വച്ച് കാട്ടുപന്നി ഇരുചക്ര വാഹനത്തില്‍ വന്ന് ഇടിക്കുകയായിരുന്നു.
പന്നിയുടെ ആക്രമണത്തില്‍ മുഹമ്മദ് സിനാന് നിലത്ത് വീണു. എന്നാല്‍ പന്നി വീണ്ടും മുഹമ്മദ് സിനാനെ ഇടിക്കുകയായിരുന്നുയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സിനാനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
District News
കട്ടിപ്പാറ: കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടുപന്നികൾ കൃഷി നശിപ്പിച്ചത്. കട്ടിപ്പാറ മൂന്നാം വാർഡ് പറപ്പള്ളി ജോൺ, ചമൽ കേളൻ മൂലമുളവേലിക്കുന്നേൽ ജയിംസ്, പുവ്വത്തിങ്കൽ കണാരൻ, പുവ്വത്തിങ്കൽ വേലായുധൻ എന്നീ കർഷകരുടെ വിളകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
ഇടവിള കൃഷികളായ കപ്പ, ചേന, വാഴ, ചേമ്പ് മുതലായവയാണ് നശിപ്പിച്ചത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട്ടിൽ വീട്ടമ്മക്കു നേരേ കാട്ടുപന്നിയുടെ ആക്രമണം.
കാലത്ത് പള്ളിയിൽ പോയി തിരിച്ചു വീട്ടിലേക്ക് പോകും വഴിയിലാണ് മാവട്ടം തൈക്കടുപ്പിൽ രാജുവിന്റെ ഭാര്യ ടി.ഡി. ഷൈല (63) യെ കാട്ടുപന്നി ആക്രമിച്ചത്.
മുറിവേറ്റില്ലെങ്കിലും ശരീരം മുഴുവൻ വേദനയിലാണ്. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗമാണ് ഷൈല.
Kerala
പാലക്കാട്: മണ്ണാർക്കാട്ട് കാട്ടുപന്നി കുറുകെ ചാടി പഞ്ചായത്തംഗത്തിന് പരിക്കേറ്റു. കോട്ടോപ്പാടം പഞ്ചായത്തംഗം നിജോ വർഗിസിനാണ് ഗുരുതരമായി പരിക്കേറ്റത്.
ബുധനാഴ്ച രാത്രി മേക്കളപ്പാറയിലായിരുന്നു അപകടം. ബൈക്കിൽ വീട്ടിലേക്ക് പോകുന്നിതിനിടെ കാട്ടുപന്നി ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന നിജോ അപകടനില തരണം ചെയ്തു.
Kerala
പത്തനംതിട്ട: കോന്നി ഊട്ടുപാറയില്‍ കാട്ടുപന്നി ആക്രമണത്തില്‍ യുവാവിന് പരിക്ക്. ഊട്ടുപാറ സ്വദേശി സഞ്ജു സാമിനാണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ട് വീടിന് പുറത്തേക്കിറങ്ങിയ സഞ്ജുവിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.